
തിരുവനന്തപുരം: രണ്ട് നാളുകളായി നീണ്ടുനിന്ന ആകാംക്ഷയ്ക്ക് ഒടുവില്‍ രാജി തീരുമാനവുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി. രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രിയെ കാണാൻ തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി പുലര്‍ച്ചെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷവും രാജി തീരുമാനം അറിയിച്ചില്ല. താന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ അദ്ദേഹം സേക്രട്ടറിയേറ്റില്‍ എത്തിച്ചേര്‍ന്നു. മന്ത്രിസഭായോഗത്തിന് ശേഷമാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. മാറിനില്‍ക്കാം എന്ന് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ അറിയിക്കുകയായിരുന്നു. യോഗത്തിന് മുന്‍പ് തന്നെ രാജി ഉണ്ടാവുമെന്നാണ് കരുതിയെങ്കിലും അത് സംഭവിക്കാത്തതിനാല്‍ പ്രതിഷേധമായി സി.പി.ഐ മന്ത്രിമാര്‍ സേക്രട്ടറിയേറ്റില്‍ ഉണ്ടായിട്ടും മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നു.

കോടതിയില്‍ നിന്നും നേരിട്ട കനത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷം ഇന്നലെ മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തക്കസമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന നിലപാടിലായിരുന്നു എന്‍.സി.പി ദേശീയ നേതൃത്വം.
ഇന്നലെ രാത്രി മാധ്യമങ്ങളെ കണ്ട തോമസ് ചാണ്ടിയാകട്ടെ കായല്‍കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ടുള്ള അന്തിമ വിധി എതിരാണെന്ന് ബോധ്യമായല്‍ രാജിവയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം രാജിവയ്ക്കില്ലെന്നും അന്തിമവിധിയില്‍ തനിക്കെതിര വിമര്‍ശനമുണ്ടെങ്കില്‍ രാജിവെക്കുമെന്നുമാണ് ചാണ്ടി പറഞ്ഞത്. ഹര്‍ജി തള്ളിയ ഹൈക്കോടതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മാറ്റികിട്ടാന്‍ കലക്ടറെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചത്.
