
തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പിനെതിരെ പത്രസമ്മേളനം നടത്തിയശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ സാമൂഹിക പ്രവര്ത്തകന് മുഗിലനെ കണ്ടെത്തി. അഞ്ചുമാസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തിരുപ്പതി റെയില്‍വെ സ്റ്റേനില്വച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുഗിലന്റെ സുഹൃത്ത് തിരുപ്പതി സ്റ്റേഷനില്‍ ഇദ്ദേഹ കണ്ടെന്ന് വീട്ടുകാരെ അറിയച്ചതിനെത്തുടര്‍ന്ന് റെയില്‍വെ പോലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നെന്നാണ് വിവരം.
എന്നാല്‍, മുഗിലന്റെ തിരോധാനത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. പോലീസ് പിടികൂടവെ മുഗിലന്‍ കൂടംകുളം ആണവ പദ്ധതിക്കെതിരായ മുദ്രാവാക്യം വിളിച്ചു. ന്യൂക്ലിയര്‍ മാലിന്യങ്ങളില്‍ മുക്കി തമിഴ്നാടിനെ തകര്‍ക്കരുതെന്നും അദ്ദേഹം വിളിച്ചുപറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരുപ്പതി സ്റ്റേഷനില്‍നിന്നും കണ്ടെത്തിയ മുഗിലന്‍ നിലവില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ കസ്റ്റഡിയിലാണ്. തൂത്തുക്കുടി വെടിവെപ്പിനു പിന്നിലെ പോലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിനു പിന്നാലെയാണ് സമരസമിതി പ്രവര്‍ത്തകനായ മുഗിലനെ കാണാതായത്.

തൂത്തുക്കുടി വെടിവെയ്പ്പ് ദക്ഷിണ മേഖലാ ഐ.ജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ.ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണെന്നാണ് തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മുഗിലനെ കാണാതായത്. വെടിവെപ്പിനു മുമ്പ് ഐ.ജി വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ ട്രെയിനില്‍ മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
2019 ഫെബ്രുവരി 14ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം തൂത്തുക്കുടി വെടിവെപ്പില്‍ ഇടപെട്ട ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് മുഗിലന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. പിറ്റേന്ന് മധുരയിലെത്തിയില്ലെങ്കില്‍ പോലീസില്‍ പരാതി കൊടുക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.
