
തിരുവനന്തപുരം: പി.എം.ജിയിലെ വീട്ടില്‍ തീപിടിത്തം. പോലീസും ഫയർഫോഴ്‍സും എത്തി തീയണച്ച് പരിശോധന നടത്തിയപ്പോൾ തീപിടിത്തമുണ്ടായ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ മുകളിലത്തെ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വികാസ് ലെയിനിലെ അഞ്ചാം നമ്പർ വീട്ടിലാണ് രാത്രി പത്തേകാലോടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‍സും പൊലീസുമെത്തി തീയണച്ചു. രണ്ട് നിലകളുള്ള വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഈ മുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
എന്നാൽ ആരാണ് ഈ വീട്ടിൽ താമസിക്കുന്നത് എന്ന കാര്യത്തിൽ അയൽവക്കത്തുള്ള ആർക്കും കൃത്യമായ ധാരണയില്ല. ഗൾഫിലുള്ള ഒരാളുടെ വീടാണിത്. ഈ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയും അവരുടെ ഭർത്താവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്നും അയൽക്കാർ പറയുന്നു. എന്നാൽ ഇവരുടെ പേര് സംബന്ധിച്ചും ആർക്കും വ്യക്തതയില്ല.
