
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് കൈരളി ടി.വിയും സി.ഇ.എസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. ഇരുമുന്നണികള്‍ക്കും എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് ഇവര്‍ പ്രവചിക്കുന്നത്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ ഒരു മണ്ഡലത്തില്‍ പോലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ലെന്നും ചൂണ്ടികാട്ടുന്നു.
കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചിരുന്നത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വെയും സമാനമായിരുന്നു. എന്നാല്‍ അതെല്ലാം തള്ളികളയുന്നതാണ് കൈരളി ടി.വി- സി.ഇ.എസ് സര്‍വേ. കൈരളി ടി.വിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സി.ഇ.എസിനായിരിക്കുമെന്നും അവതാരകന് വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര് സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇടതു പക്ഷം മികച്ച വിജയം നേടുമെന്ന് പ്രഖ്യാപിക്കുന്ന സര്‍വ്വെ പക്ഷെ മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തില്‍ ആകെയുള്ള ആറ് മണ്ഡലങ്ങളില്‍ നാലിലും ഇടതുപക്ഷത്തിനാണ് വിജയ സാധ്യത പ്രഖ്യാപിക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കാണ് ജയസാധ്യത നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും മാവേലിക്കരയിലുമാകും യു.ഡി.എഫ് മേല്‍ക്കോയ്മ. ത്രികോണ പോരാട്ടം നടന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താകുമെന്നും തെക്കന്‍ കേരളത്തിലെ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.
ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരത്ത് യു. ഡി. എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വമ്പന്‍ ജയം നേടുമെന്നാണ് കൈരളി സി.ഇ.എസ് സര്‍വ്വെയുടെ പ്രവചനം. രണ്ടാം സ്ഥാനത്തേക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരനെത്തുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ ബി.ജെ.പിക്കും കുമ്മനത്തിനും മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ശശി തരൂര്‍ 36.5 ശതമാനം വോട്ട് നേടുമെന്ന് പറയുന്ന സര്‍വ്വെ സി. ദിവാകരന് 32.2 ശതമാനവും കുമ്മനം 29.7 ശതമാനവും വോട്ട് നേടുമെന്ന് ചൂണ്ടികാട്ടുന്നു.
