ചെന്നൈ: വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12 വയസുകാരി ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലാണ് സംഭവം. തിരുനെല്‍വേലി കോട്ടൂര്‍ സ്വദേശി സയ്യിദ് അഹമ്മദിന്റെ മകള്‍ സഫറിന് ഹാജിറയാണ് മരിച്ചത്. സെന്റില്‍ നഗര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അവശനിലയില്‍ കണ്ട പെണ്‍കുട്ടിയെ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തിരുനെല്‍വേലി മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യക്കുറിപ്പു ലഭിക്കും വരെ പെണ്‍കുട്ടി എന്തിന് ഇത് ചെയ്തു എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കള്‍. ബെഞ്ചിലും, യൂണിഫോമിലും ആര്‍ത്തവ രക്തമുണ്ടെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോള്‍ വിശ്രമമുറിയിലേക്കു പോകാന്‍ ടീച്ചറോട് അനുമതി ചോദിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ സഹപാഠികളുടെ മുമ്പില്‍ വെച്ച് ടീച്ചര്‍ തന്നെ ശകാരിച്ചെന്നും പാഡ് പോലും ശരിയ്ക്കുവെയ്ക്കാന്‍ അറിയില്ലേയെന്നു പറഞ്ഞ് ചീത്തവിളിച്ചെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. അവിടംകൊണ്ടും ടീച്ചര്‍ അവസാനിപ്പിച്ചില്ലെന്നും പിന്നീട് തന്നെ പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിട്ടെന്നും അദ്ദേഹവും തന്നെ ശകാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഇതുവരെ നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. പക്ഷെ ടീച്ചര്‍ എന്തിനാ ഇതിന് എനിക്കെതിരെ പരാതി നല്കിയതയെന്ന് പെണ്‍കുട്ടി കത്തില്‍ ചോദിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനുമുമ്പില്‍ പ്രതിഷേധിച്ചു. പാളയം കോട്ടെയ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.