തിരുവനന്തപുരം: തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു അന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നു. ശരീരം തളര്‍ന്ന ശേഷമാണ് ബ്രിട്ടോ സാഹിത്യരചനയില്‍ മുഴുകിയത്. അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ വലിയ അംഗീകാരം പിടിച്ചുപറ്റി. നിയമസഭാംഗമെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രിട്ടോ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓര്മ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറയ്ക്കും എന്നും ആവേശമായിരിക്കും. ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 64 വയസ്സായിരുന്നു.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് കൊച്ചി പച്ചാളം ശ്മശാനത്തില്‍ നടക്കും.ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 വരെ വടുതലയിലെ വീട്ടിലും 11മുതല്‍ വൈകീട്ട് മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. 1983 ഒക്ടോബര്‍ 14ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇടനാഴിയില്‍വച്ചാണ് ബ്രിട്ടോയെ കെ.എസ്.യു നേതാവായിരുന്ന ജിയോ മാത്യു കുത്തിവീഴ്ത്തിയത്. മഹാരാജാസില്‍ കെഎസ്.യു അക്രമത്തില്‍ പരിക്കേറ്റ സഹപ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ബ്രിട്ടോ. എല്‍.എല്‍.ബി വിദ്യാര്‍ഥിയായിരുന്ന സൈമണ്‍ ബ്രിട്ടോ അന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നട്ടെല്ലിനു മൂന്നു കുത്തേറ്റ ബ്രിട്ടോയുടെ അരയ്ക്ക് കീഴോട്ട് തളര്‍ന്നു. എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അന്നുമുതല്‍ വീല്‍ചെയറിലായിരുന്നു ജീവിതം. സമരവേദികളിലും സാംസ്കാരിക വേദികളിലും ഒരുപോലെ സജീവമായി. അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന ബ്രിട്ടോ താന്‍ എഴുതാന്‍പോകുന്ന നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലം നേരിട്ടറിയാന്‍ തളര്‍ന്ന ശരീരവുമായി ഭാരതപര്യടനം തന്നെ നടത്തി. പത്തുവയസ്സുള്ളപ്പോള്‍ മുതല്‍ കഥകളെഴുതാന്‍ തുടങ്ങി. ബാല്യകാലം ചെലവഴിച്ചത് പോഞ്ഞിക്കരയിലായിരുന്നു. അയല്‍ക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരന് പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നല്കി. ബിഹാര്‍ അനുഭവങ്ങളില്‍ നിന്നാണ് ആദ്യ നോവല്‍ പിറന്നത്. ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍ ഏഴു വര്‍ഷത്തിനുശേഷം ‘അഗ്രഗാമി’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. മഹാരൗദ്രം, മഞ്ഞുപെയ്യുന്ന ചരിത്രാങ്കം, ചന്ദ്രന്റെ മാളിക എന്നീ നോവലുകളും രചിച്ചു. അഗ്രഗാമിക്ക് ശക്തി അവാര്‍ഡും പാട്യം ഗോപാലന് അവാര്‍ഡും ലഭിച്ചു.
എസ്എഫ്ഐ ക്യാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലെത്തിയ സൈമണ്‍ ബ്രിട്ടോ എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന് റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജിലും ബിഹാറിലെ മിഥില സര്‍വകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. മകള്‍: കയനില. സഹോദരങ്ങള്‍: മേഴ്സി, ജൂലി, റെക്സി, ക്രിസ്റ്റി, ഫ്രാന്‍സി. വടുതലയിലെ കയം എന്ന വീട്ടിലായിരുന്നു താമസം. 2006-2011 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
തളരാത്ത പോരാട്ടവീറിൻ്റെ പ്രതീകമായിരുന്ന സഖാവ് സൈമണ്‍ ബ്രട്ടോയുടെ സംസ്കാരം ബുധനാഴ്ച കൊച്ചിയില്‍