തലശേരി ബ്രണ്ണന്‍ കോളെജ് പ്രിന്‍സിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing തലശേരി ബ്രണ്ണന്‍ കോളെജ് പ്രിന്‍സിപ്പാളിനെതിരെ വധഭീഷണി; 10 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

തലശേരി ബ്രണ്ണന്‍ കോളെജ് പ്രിന്‍സിപ്പാളിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പാള്‍ ഫല്‍ഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പോലീസാണ് കേസെടുത്തത്. നേരത്തെ ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിന് പിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന് കോളെജ് പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞിരുന്നു.

തനിക്ക് മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോളെജില്‍ സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയിരുന്നു. ഇന്ന് എ.ബി.വി.പി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്‍റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കൊടിമരം വീണ്ടും സ്ഥാപിക്കാനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു.

ഫ്രെറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന ജാഥ ബ്രണ്ണന്‍ കോളേജിന് സമീപത്ത് എത്താറായപ്പോഴായിരുന്നു എ.ബി.വി.പിക്കാര്‍ കൊടിമരം സ്ഥാപിക്കാനായി എത്തിയത്. എന്നാല്‍ കോളേജിന് സമീപം ജാഥയെത്തുന്ന സമയം എ.ബി.വി.പിക്കാര്‍ കൊടിസ്ഥാപിക്കാനെത്തുന്നത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയാക്കുമെന്നും ഫ്രെറ്റേണിറ്റിയുടെ ജാഥയ്ക്ക് ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ പ്രിന്‍സിപ്പലിന്‍റെ അനുവാദത്തോടുകൂടി കൊടി സ്ഥാപിക്കാമെന്നും പോലീസ് പറഞ്ഞു. പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല.

ഇതേ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടാകുകയായിരുന്നു. കൊടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്‍റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

0Shares