ടെഹ്റാന് : ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് ഗ്രാന്റ്മാസ്റ്ററെ ദേശീയ ചെസ് ടീമില്‍ നിന്നും പുറത്താക്കി. ഇറാനിയന്‍ കായികരംഗത്തെ ഏറ്റവും ശ്രദ്ധേയയും ഗ്ലാമര്‍താരവുമായ 18 കാരി ദോര്‍സ ദേരാക്ഷാനിയെയാണ് ദേശീയ ടീമില്‍ നിന്നും വിലക്കിയത്. സ്ത്രീകള്‍ മുടി മറയ്ക്കണമെന്ന് ശക്തമായ നിയമമുള്ള ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്ത കാരണത്താലാണ് ദോര്സയെ ടീമില്‍ നിന്നും പുറത്താക്കിയത്. ട്രേഡ്വൈസ് ജിബ്രാള്‍ട്ടര്‍ 2017 ചെസ് ഫെസ്റ്റിവലിലെ വ്യക്തിഗത വിഭാഗത്തില്‍ മത്സരിക്കുന്ന ദോര്സയ്ക്ക് പുറമേ ഇവരുടെ സഹോദരന് 15 കാരന് ബോര്ണയേയും വിലക്കിയിട്ടുണ്ട്. ഇസ്രായേലി താരം അലക്സാണ്ടര്‍ ഹുസ്മാനുമായുള്ള മത്സരത്തിന് തൊട്ടു പിന്നാലെയാണ് ബോര്ണയെ വിലക്കിയത്.

അതേസമയം പ്രശ്നത്തില്‍ ഇടപെടുമെന്ന് ഇറാന് ചെസ് ഫെഡറേഷന് പറഞ്ഞു. ഇതിനിടെ ഇറാന്റെ ഈ നിര്‍ബ്ബന്ധിച്ചുള്ള ഹിജാബ് ധരിപ്പിക്കലിനെതിരെ ബല്ജിയംകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദാര്യാ സഫായ് രംഗത്ത് വന്നിട്ടുണ്ട്. 1979 ന് ശേഷം ഇസ്രായേല്‍ കായികതാരങ്ങള്‍ക്കെതിരെ മത്സരിക്കുന്നത് എതിര്‍ക്കുന്ന ഇറാന് പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നും നിര്‍ബ്ബന്ധം പിടിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പൊതുമാപ്പോ പിഴയോ ആണ് ശിക്ഷ വിധിക്കുക.