
ചെന്നൈ: സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രക്ഷോഭത്തിന് ആഹ്വാനം െചയ്തും ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഗവേഷണ വിദ്യാര്‍ഥിയെ തമിഴ്നാട് പോലീസ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചിദംബരം അണ്ണാമൈല സര്‍വകലാശാല സോഷ്യോളജി ഗവേഷണ വിദ്യാര്‍ഥി കുബേരന് (32) ആണ് അറസ്റ്റിലായത്. പൈപ്പ്ലൈന് പദ്ധതി ഉപേക്ഷിക്കുക, സുരക്ഷക്കായി നിയോഗിച്ച പോലീസ് സംഘത്തെ പിന്‍വലിക്കുക, സമരത്തിന് നേതൃത്വം നല്‍കിയതിന് റിമാന്‍ഡിലായ പ്രഫ. ജയരാമനെ മോചിപ്പിക്കുക, പരിസ്ഥിതി പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ സമീപനം മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഫേസ്ബുക്കില്‍ കുബേരന് കുറിച്ചിരുന്നു.
അണ്ണാമലൈ നഗര്‍ പൊലീസാണ് കേസെടുത്തത്. വിദ്യാര്‍ഥിയെ റിമാന്‍ഡ് ചെയ്തതില്‍ തമിഴ് ദേശീയ െപരിയക്കം അധ്യക്ഷന്‍ പി. മണിയരസന്‍ പ്രതിഷേധിച്ചു. യുവാവിനെ കോടതിയില്‍ ഹാജരാക്കി കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. തമിഴ് ദേശീയ പെരിയക്കം സംഘടനാ പ്രവര്‍ത്തകനാണ്. ഒായില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പറേഷന് പൈപ്പ്ലൈന് പദ്ധതിക്കെതിരെ തഞ്ചാവൂര്‍ ജില്ലയിലെ കതിരമംഗലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നല്കി കുബേരന് അഭിപ്രായം പറഞ്ഞതാണ് സംസ്ഥാന സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്. ക്ലാസ് ബഹിഷ്കരിച്ച് കതിരമംഗലം പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇൗ മാസം 20ന് സര്‍വകലാശാല പരിസരത്ത് സംഘടിക്കണമെന്ന് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചിരുന്നു.
പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചെന്നാരോപിച്ച് പെരിയാര്‍ സര്‍വകലാശാല മാധ്യമ വിദ്യാര്‍ഥിനിയായ വളര്‍മതിയെ ഗുണ്ടാ നിയമപ്രകാരം കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കുന്നവരെ ശക്തമായി നേരിടുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ പ്രതികരണം.
