പഴനി: തമിഴ്‌നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സജിനി ആണ് ഇന്നു പുലര്‍ച്ചേ മരിച്ചത്. പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11.30 നാണ് അപകടമുണ്ടായത്, കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച ഓമനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യന്‍, സുരേഷ്, ഭാര്യ രേഖ, മകന്‍ മനു എന്നിവരാണ് നേരത്തേ മരിച്ചത്. ഇതില്‍ നാല് പേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഇന്നലെ വൈകീട്ട് 3.30നാണ് രണ്ടു കുടുംബത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം പഴനിയിലേക്ക് യാത്ര തിരിച്ചത്. ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ഇപ്പുറത്തുവച്ചായിരുന്നു അപകടം. ആക്രി സാധനങ്ങളുമായി എതിരെവന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വാന്‍ നിശേഷം തകര്‍ന്നു. ശശി, സുരേഷ്, മനു എന്നിവര്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്നവരാണ്. കോരൂത്തോട് സി.കേശവന്‍ മെമ്മോറിയല്‍ സ്‌കൂളിലെ ലാബോറട്ടറി അസിസ്റ്റന്റ് ബിനുവിന്റെ മകനാണ് അഭിജിത്ത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് കോരൂത്തോടില്‍ നിന്ന് ബന്ധുക്കള്‍ പഴനിയില്‍ എത്തിയിട്ടുണ്ട്.
തമിഴ് നാട്ടിലെ പഴനിയില്‍ വാഹനപകടം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി; മരിച്ചവരെല്ലാം മുണ്ടക്കയം സ്വദേശികള്‍