ഡി.എം.കെ, എ.ഐ.ഡി.എം.കെ പോലുള്ള കക്ഷികളെ തോല്‍പ്പിക്കുന്ന ആള്‍ക്കൂട്ടം തമിഴ്നാട്ടില്‍ പിണറായി വിജയനെ കേള്‍ക്കാന്‍ എത്തുമ്പോള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഡി.എം.കെ, എ.ഐ.ഡി.എം.കെ പോലുള്ള കക്ഷികളെ തോല്‍പ്പിക്കുന്ന ആള്‍ക്കൂട്ടം തമിഴ്നാട്ടില്‍ പിണറായി വിജയനെ കേള്‍ക്കാന്‍ എത്തുമ്പോള്‍

ഇന്ത്യയില്‍ ജാതീയതയ്ക്കും വിവേചനത്തിനും അടിച്ചമര്‍ത്തലിനെതിരെയും പോരാടുന്ന 22 ദലിത് സംഘടനകളുടെ കൂട്ടായ്മയാണ് ദലിത് ശോഷന്‍ മുക്തിമോര്‍ച്ച. അവരുടെ ദേശീയ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യാനാണ് പിണറായി തമിഴ്‌നാട്ടിലെത്തിയത്. പിണറായിയെ കാണാനും കേള്‍ക്കാനും തിങ്ങിനിറഞ്ഞത് പതിനായിരങ്ങളാണ്. ആവേശവും അഭിമാനവുമാണ് പിണറായിയെന്ന് വികടന്‍ എന്ന വാരിക കഴിഞ്ഞയാഴ്ച എഴുതിയിരുന്നു. നവോത്ഥാന ദലിത് മുന്നേറ്റ നടപടികള്‍ ഓരോന്നും കേരളം കൈക്കൊള്ളുമ്പോളും അഭിനന്ദനവുമായി അണിനിരന്നിരുന്നു തമിഴ് ജനത.

മഹാനായ മുഖ്യമന്ത്രി എന്ന തലക്കെട്ടോടുകൂടിയാണ് വികടനിലെ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഭരണാധികാരിയെക്കുറിച്ച് നല്ലത് പറയാന്‍ അവസരം കിട്ടുന്നത് എന്നുപറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. പിണറായിക്കുള്ള അയല്‍വാസിയുടെ അഭിനന്ദനമാണിതെന്നും ലേഖനം പറയുന്നു. ജയലളിതയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഭരണരംഗം മരവിച്ച് കിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കേരളത്തില്‍ സര്‍വ്വമേഖലയിലും കുതിപ്പ് നല്‍കുന്ന ഭരണാധികാരിയെ അഭിനന്ദിക്കാതെ വയ്യെന്നും വികടന്‍ വ്യക്തമാക്കുന്നു.

അഴിമതിയില്‍ മുങ്ങികിടന്ന സംസ്ഥാനഭരണത്തെ ശുദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ ശ്രമങ്ങളെയും ലേഖനം എടുത്ത് കാട്ടുകയും,അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നന്മ നിറയുന്ന സന്ദേശങ്ങളാണ് കേരളത്തില്‍നിന്ന് ലഭിക്കുന്നത്. അബ്രാഹ്മണരെ പൂജാരിമാരാക്കിയ പിണറായി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന് മാതൃകയാണ്.ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടമായതെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടും ഭരണത്തിന്റെ നേട്ടമാണ്.

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത്, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കിയത്, സ്‌കൂളികളില്‍ പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ മെഷീനുകള്‍ സ്ഥാപിച്ചത്, സ്ത്രീ സുരക്ഷയ്ക്കായുളള പിങ്ക് പട്രോള്‍, വികലാംഗര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വികടനില്‍ എണ്ണിപ്പറയുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കേരളാമുഖ്യമന്ത്രിക്കുള്ള സ്വീകാര്യത പ്രഖ്യാപിക്കുന്ന പരിപാടിയായി മാറി മധുരയിലേത്. പിണറായിയുടെ ഓരോ വാക്കും ഹര്‍ഷാരവത്തോടെയാണ് ജനം സ്വീകരിച്ചത്. കേരളത്തിന്റെ ദലിത് മുന്നേറ്റവും സര്‍ക്കാര്‍ ഇടപെടലുകളും തമിഴ്‌നാട്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം പിണറായുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നു. ഡി.എം.കെ എ.ഐ.ഡി.എം.കെ പോലുള്ള കക്ഷികളെ തോല്‍പ്പിക്കുന്ന ആള്‍ക്കൂട്ടമാണ് പിണറായിയെ ശ്രവിക്കാന്‍ എത്തിയത്. ഇന്ത്യയില്‍ ബി.ജെ.പി സംഘപരിവാര്‍ ഭീഷണിയെ ചെറുക്കാന്‍ മുന്നണിപ്പോരാളിയായ പിണറായിയെ അഭിനന്ദിച്ച് നഗരമാകെ ബോര്‍ഡുകളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. പിണറായിയുടെ സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെയാണ് തമിഴ് രാഷ്ട്രീയവും മാധ്യമ ലോകവും വീക്ഷിക്കുന്നത്.

https://www.youtube.com/watch?v=NmKaHXFqRKs

0Shares