ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവര്‍ കഴിച്ച ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടതായ ആരോപണവും ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ മാളവ്യനഗറില മദന്മോഹന് മാളവ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കുട്ടികളുടെ കാര്യത്തിലുള്ള വീഴ്ചവരുത്തല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ അറിയിച്ചു.

ജന്‍ ചേതന ജാഗ്രിതി ആന്‍ഡ് ശൈക്ഷാനിക് വികാസ് എന്ന ഏജന്‍സിക്കാണ് സ്കൂളിലെ ഉച്ചഭക്ഷണ വിതരണച്ചുമതല. രണ്ട് ചത്ത എലികളാണ് ഭക്ഷണത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരു എലിയെ കൂടുതല്‍ പരിശോധനകള്‍ക്കായി കൈമാറിയെന്നും അവര്‍ വ്യക്തമാക്കി.