
കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) ‘അമ്മ’യുടെ കടുത്ത നിലപാടുമായി സെക്രട്ടറി സിദ്ധിഖ്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമാണെന്ന് സിദ്ധിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ധിഖ് സ്ഥിരീകരിച്ചു. ആരുടേയും ജോലി സാധ്യത നിഷേധിക്കാനുള്ള സംഘടനയല്ല അമ്മ. ദിലീപിന്റെ ജോലി സാധ്യതയും നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. മുമ്പ് ജഗതിക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. അന്നൊന്നും സംഘടന ജഗതിക്കെതിരേ നടപടിയെടുത്തിട്ടില്ല. അതുപോലെ കോടതി വിധിക്കും വരെ ദിലീപ് കുറ്റാരോപിതന്‍മാത്രമാമണെന്നും അദ്ദേഹം പറഞ്ഞു. നടിമാരുടെ ആവശ്യം ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് മരവിപ്പിച്ചതാണ്. അതേസമയം അമ്മയില്‍നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ലെന്നു സിദ്ധിഖ് വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്.
ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍. നാല് നടിമാര്‍ വിചാരിച്ചാല്‍ അമ്മയെ തകര്‍ക്കാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു എന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം അത് ജനത്തിന്റെ വികാരമാണെന്നും സിദ്ദിഖ് പറഞ്ഞു. ‘മീ ടൂ’ ക്യാംപെയിന്‍ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തില്‍ കരുതല്‍ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി രേവതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ തേജോവധം ചെയ്യാനാണെന്നും സിദ്ധിഖ് ആരോപിച്ചു. ജഗദീഷിനെ അമ്മയുടെ വക്താവാകാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ല. താന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്ന കാര്യം ജഗദീഷിന് അറിയില്ല. ജഗദീഷ് ഇറക്കിയ വാര്‍ത്താകുറിപ്പിനെ കുറിച്ചു അന്വേഷിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.