
ന്യൂഡല്‍ഹി: താന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനെന്നും അതിലൂടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ ഭാഗമായി വര്‍ധയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നമ്മുടെ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുന്‍പ് എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരായി നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.’ മോഡി പറഞ്ഞു.
മോഡി തന്‍റെ പ്രസംഗത്തില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പി..യുമായുള്ള സഖ്യത്തെ വിമര്‍ശിക്കുകയും കര്‍ഷകനായ എന്‍.സി.പി. നേതാവ് ശരദ്പവാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാകര്‍ഷകരേയും മറന്നതായും വിമര്‍ശിച്ചു.
