ജോസ് കെ മാണിയുടെ പത്രിക തള്ളാന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing ജോസ് കെ മാണിയുടെ പത്രിക തള്ളാന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിലവില്‍ കോട്ടയത്തുനിന്നും ലോക്സഭാംഗമായ ജോസ് കെ മാണി രാജ്യസഭാംഗമാകാന്‍ നിയമപരമായി അര്‍ഹനല്ലെന്നു ചൂണ്ടിക്കാട്ടി സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നല്‍കിയ പത്രികയില്‍ താന്‍ നിലവില്‍ ലോകസഭാംഗമാണെന്ന കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ ലാഭകരമായ പദവികള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്റ് അംഗങ്ങളാകാന്‍ യോഗ്യരല്ലെന്നാണ് ഭരണഘടന പറയുന്നത്. 1959 ലെ പ്രിവന്‍ഷന്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് പാര്‍ലമെന്റ് അംഗത്വത്തെ ലാഭകരമായ പദവികളില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല. ഇതിനാല്‍ത്തന്നെ നിലവില്‍ ലോക്സഭാംഗമായ ജോസ് കെ മാണിക്ക് രാജ്യസഭാംഗമാകാന്‍ നിയമപരമായി അര്‍ഹതയില്ലെന്നും പരാതിയില്‍ സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്‍.ഡി.എഫിന്റെ പരാതി തള്ളി വരണാധികാരിയായ നിയസഭാ സെക്രട്ടറി ബി.കെ ബാബു പ്രകാശ് പത്രിക സ്വീകരിച്ചു.

0Shares