ജെല്ലിക്കെട്ട് പ്രക്ഷോഭം: സംഘര്‍ഷാവസ്ഥ തുടരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് പ്രക്ഷോഭം: സംഘര്‍ഷാവസ്ഥ തുടരുന്നു.

ചെന്നൈ: ജെല്ലിക്കെട്ട് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. സമര പ്രവര്‍ത്തകരെ മറീന ബീച്ചില്‍ നിന്നും പൊലീസ് ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷവസ്ഥ ഉണ്ടായത്. പ്രത്യേക ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ ജെല്ലിക്കെട്ട് നടത്തിയെങ്കിലും നിയമം പാസാക്കി സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. വന്‍ പൊലീസ് സന്നാഹത്തിന്റെ അകംമ്പടിയോടെയാണ് മറീന ബീച്ചില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സമരക്കാരെ ഒഴിപ്പിക്കുന്നത്.

മറീന ബീച്ചിലേക്കെത്താനുള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്. സമരം വിജയിച്ച സാഹചര്യത്തില്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്നാണ് സമരക്കാരുടെ ഭീഷണി. നിയമസഭ ജെല്ലിക്കെട്ടിന് അനുകൂലമായ നിയമം പാസാക്കാതെ മറീനയില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് ബില്ലായി തമിഴ് നാട് സര്‍ക്കാര്‍ അവതരിപ്പിക്കും.

ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവക്കുകയാണ് എന്ന് പ്രഖ്യാപിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തി. ഇത് പ്രതിഷേധകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

0Shares