
കാശ്മീരിൽ കേന്ദ്ര സർക്കാർ വൻ നടപടികൾ കൈക്കൊള്ളാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പ്രധാന നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ മഹ്ബൂബ മുഫ്തി, ഉമർ അബ്ദുല്ല, എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി. സി.പി.എം കേന്ദ്രകമ്മറ്റിയംഗവും എം.എല്.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, മറ്റൊരു നേതാവ് സജ്ജാദ് ലോൺ എന്നിവരും വീട്ടുതടങ്കലിലായതായി സൂചനയുണ്ട് .
തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഉമറിന്റെ ട്വീറ്റ് മഹ്ബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈൽ-ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ശ്രീനഗർ ജില്ലയിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ, തിങ്കളാഴ്ച രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലേക്ക് എല്ലാ കണ്ണുകളും തിരിഞ്ഞിരിക്കുകയാണ്.‘‘ഞായറാഴ്ച അർധരാത്രി മുതൽ ഞാൻ വീട്ടുതടങ്കലിൽ ആയതായി കരുതുന്നു. മറ്റു നേതാക്കൾക്കെതിരെയും നടപടികൾ ഉണ്ടാവുന്നു. ഇത് സത്യമാണോ എന്നറിയാൻ വഴിയൊന്നും ഇപ്പോഴില്ല’’ -ഉമർ ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനം ഡൽഹിയിൽനിന്ന് ഉടൻ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം ഇർഫാൻ പത്താൻ അടക്കമുള്ള നൂറോളം ക്രിക്കറ്റ് കളിക്കാരോട് സവിശേഷ സാഹചര്യത്തിൽ സംസ്ഥാനം വിടാൻ ജമ്മു-കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ നിർദേശം നൽകി.

വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചു. സംഘർഷസാധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്തു മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശം നൽകി; പരീക്ഷകൾ മാറ്റിവച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തി. കാശ്മീർ വിഷയം മുൻനിർത്തി പ്രത്യേക കാബിനറ്റ് യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും.പാർലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അമിത് ഷാ കാശ്മീർ സന്ദർശിക്കുമെന്നു സൂചനയുണ്ട്. കാശ്മീരിൽ അർധസൈനിക വിഭാഗത്തെ കൂടുതലായി വിന്യസിച്ചതും അമർനാഥ് യാത്രയുൾപ്പെടെ നിർത്തിവച്ച് തീർഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിടാൻ നിർദേശിച്ചതുമാണ് ആശങ്കകൾക്കിടയാക്കിയത്.
