
ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ. ജമ്മു കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല. പകരം ജമ്മു കശ്മിർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി തുടരും. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 നേരത്തെ റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. ജമ്മു കശ്മീർ നേരത്തെ സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു. രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഇതോടെ ഒൻപതായി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കു ശേഷം 86 ദിവസങ്ങൾ കഴിഞ്ഞാണ് പുനഃസംഘടനാ ബിൽ നിലവിൽ വന്നിരിക്കുന്നത്. പുതുച്ചേരി പോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാവും ജമ്മു കശ്മീർ. ചണ്ഡിഗഡ് പോലെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവുമാവും ലഡാക്ക്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്നത്. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ലഫ്.ഗവർണർമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ആർ.കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവർണർ. ലഡാക്കിന്റെ ആദ്യ ഗവർണർ കൂടിയാണ് ഇദ്ദേഹം. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കശ്മീരിന്റെ ലഫ്. ഗവർണർ. ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ നീക്കിയത്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങളെല്ലാം ഇതോടെ റദ്ദാക്കപ്പെട്ടു. വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സംഭവമാണിത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനു മുന്നോടിയായി കശ്മിരിലെ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളെ തടവിലാക്കുകയും പ്രദേശത്ത് ആശയവിനിമയ സംവിധാനം നിരോധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.
