കൊച്ചി: ജന്മദിനത്തില് ആഘോഷങ്ങളില്ലാതെ നവകേരള സൃഷ്ടിയില്‍ പങ്കാളിയായി മഹാനടന് മമ്മൂട്ടി. അതേസമയം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകവും ആരാധകരും. എന്നാല്‍ പ്രളയക്കെടുതി നേരിടുന്ന ഈ സാഹചര്യത്തില്‍ കാര്യമായ ആഘോഷപരിപാടികളില്ലാതെയാണ് ജന്മദിനം കടന്നു പോകുന്നത്. പറവൂര്‍ പെരുമ്പടന്നയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ആശ്രിതയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കുമെന്ന് പ്രഖ്യാപിച്ചാണ് മമ്മൂട്ടിയുടെ ആരാധകര്‍ ജന്മദിനത്തില് മാതൃകയായത്.
വീടിന്റെ രൂപരേഖ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഫാന്‍സ് അസോസിയേഷന് ആശ്രിതയ്ക്ക് കൈമാറി. എല്ലാവരുടെയും കാരുണ്യ സ്പര്ശത്തില് നന്ദിയുണ്ടെന്ന് ആശ്രിത പറഞ്ഞു. മമ്മൂക്കയുടെ ജന്മദിന ആഘോഷത്തിനായി കരുതിയിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് അവര്‍. വൈക്കം സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ സുനില്‍ കുമാറാണ് വീടിനായി നാല് സെന്റ് സ്ഥലം നല്‍കിയത്. അവിടെയാണ് മമ്മൂട്ടി ഫാന്‍സ് വീട് വച്ച് നല്‍കുന്നതും.
