ജനപ്രിയ നായകനെതിരെ ജനകീയ നേതാവും; സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ല ; പ്രമുഖരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing ജനപ്രിയ നായകനെതിരെ ജനകീയ നേതാവും; സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ല ; പ്രമുഖരുടെ അഭിപ്രായങ്ങൾ ഇവിടെ വായിക്കാം

തിരുവനന്തപുരം: അമ്മ എന്ന സംഘടന നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു.സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്കും മയക്കുമരുന്ന് വിതരണ/ ഉപയോഗങ്ങളിലേക്കും അന്വേഷണം ചെന്നെത്തണം എന്നും വി.എസ് ആവശ്യപ്പെട്ടു.

‘അമ്മ’ എന്ന സംഘടനയുടെ ആവശ്യം തന്നെ മലയാള സിനിമയിൽ ഇല്ല എന്നും സംഘടന പിരിച്ചു വിടണം എന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടത്.മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കിയ പോലീസിനെ അഭിനന്ദിക്കാനും ചെന്നിത്തല മറന്നില്ല. സൂപ്പർ താരങ്ങൾ സംഘടനാ നേതൃത്വത്തിൽ നിന്നും മാറിനിൽക്കണമെന്നും സംഘടനയെ നിരീക്ഷിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണം എന്നും സംവിധായകൻ വിനയൻ പ്രതികരിച്ചു.

ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്നും അന്വേഷണം ഇവിടംകൊണ്ട് അവസാനിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മ പലരും പാടുപ്പെട്ട് കെട്ടിപ്പടുത്ത സംഘടനയാണെന്നും ആരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടേണ്ട കാര്യമില്ലെന്നും പക്ഷെ, ആവശ്യസമയത്തെല്ലാം മൗനം പാലിക്കുന്ന നടപടി വസാനിപ്പിക്കണം എന്നും നടൻ ബാലചന്ദ്ര മേനോൻ ”അമ്മ’ ഭാരവാഹികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

 

0Shares