ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പ് വില്പനയ്ക്ക് വച്ച് പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ആമസോണ്‍ വീണ്ടും വിവാദത്തില്‍. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലും രൂപത്തിലുമുള്ള ചവിട്ടി വില്‍പ്പനയ്ക്ക് വച്ചതിലൂടെ നേരത്തെ ആമസോണ്‍ വിവാദത്തിലകപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചവിട്ടി പിന്‍വലിച്ച് ഉല്പന്നം ഇറക്കിയതില്‍ ആമസോണ്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നാലെയാണ് വീണ്ടും രാഷ്ട്ര പിതാവിനോടുള്ള കടുത്ത അനാദരവായി ഗാന്ധിജിയുടെ ചിത്രമുള്ള ചെരുപ്പ് ഇവര്‍ വിപണിയിലിറക്കിയത്. ആമസോണിന്റെ ഈ നടപടിക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധം അലയടിച്ചു വരികയാണ്.


ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്നതിനപ്പുറം ലോകം കണ്ട എക്കാലത്തെയും അഹിംസയുടെയും സമാധാനത്തിന്റെയും സത്യത്തിന്റെയും സന്ദേശവാഹകനും പ്രചാരകനും എന്ന നിലയില്‍ മനുഷ്യരാശിയുടെ മുഴുവന്‍ സ്നേഹാദരങ്ങളാര്ജ്ജിച്ച ഗാന്ധിജിയെ നിന്ദിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആമസോണ്‍ നടത്തി വരുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഇന്ത്യയുടെ ഹൃദയത്തിനു മുറിവേല്‍പ്പിച്ച ആമസോണിനെ രാജ്യത്തിന്റെ പ്രതിഷേധവും ഉല്‍കണ്ഠയും അറിയിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സത്വര നടപടി കൈക്കൊള്ളുമെന്നാണ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ കരുതുന്നത്. 