ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി തീരുമാനം; സി.ബി.ഐ, ഐ.ബി, ഡൽഹി പോലീസ്​ തുടങ്ങിയ ഏജൻസികൾ അന്വേഷണത്തിൽ സഹായിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി തീരുമാനം; സി.ബി.ഐ, ഐ.ബി, ഡൽഹി പോലീസ്​ തുടങ്ങിയ ഏജൻസികൾ അന്വേഷണത്തിൽ സഹായിക്കും

ന്യൂഡൽഹി: ഇന്ത്യൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ തീരുമാനം. വിരമിച്ച സുപ്രീംകോടതി ജഡ്​ജി എ.കെ പട്​നായിക്കിന്‍റെ മേൽനോട്ടത്തിലാവും അന്വേഷണം നടത്തുക. സി.ബി.ഐ, ഐ.ബി, ഡൽഹി പോലീസ്​ തുടങ്ങിയ ഏജൻസികൾ അന്വേഷണത്തിൽ സഹായിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്​.

അന്വേഷണം നടത്തി റിപ്പോർട്ട്​ മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച​ ശേഷം കേസ്​ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരെ മുൻ വനിത ജീവനക്കാരിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. രഞ്ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാർക്കാണ് ജീവനക്കാരി കത്തയച്ചത്.

സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു.

0Shares