ചാമ്പ്യന്‍സ് ട്രോഫി: സെമി ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് ശ്രിലങ്കയെ നേരിടും.

  • Post category:news
  • Reading time:1 min read
You are currently viewing ചാമ്പ്യന്‍സ് ട്രോഫി: സെമി ലക്ഷ്യമാക്കി ഇന്ത്യ ഇന്ന് ശ്രിലങ്കയെ നേരിടും.

ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ-ശ്രിലങ്ക മത്സരം. ഇരു ടീമുകളുടെയും ടൂര്‍ണമെന്റെിലെ രണ്ടാമത്തെ മത്സരമാണ്. ഇന്നത്തെ മത്സരവും കൂടി വിജയിച്ച് സെമിയിലെത്തുക എന്ന ദൗത്യവുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. രണ്ട് ടീമുകളുടെയും നിലവിലെ ഫോം വെച്ച് നോക്കിയാല്‍ ശ്രീലങ്ക ഇന്ത്യയ്ക്ക് ഒരു എതിരാളിയേ അല്ല. പാകിസ്താനെ 124 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ വരവ്. ശ്രീലങ്കയാകട്ടെ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റു. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

ഇന്ത്യന്‍ നിരയിലെ ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും മുതല്‍ ക്യാപ്റ്റന്‍ വിരാട് കോലി, യുവരാജ് സിംഗ്, അവസാനമിറങ്ങിയ ഹര്‍ദീക് പാണ്ഡ്യ വരെയുളളവരുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിന് പിന്നില്‍. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുമ്ര, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗും ഒട്ടും മോശമല്ല. ഫീല്‍ഡിങ് മാത്രമാകും ഇന്ത്യ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ഏക കാര്യം. മറുവശത്ത് ശ്രീലങ്കയാകട്ടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാന്‍ പറ്റാതെ പോയതിന്റെ ഇച്ഛാഭംഗത്തിലാകും. അവസാന ഓവര്‍ പന്തെറിഞ്ഞ ബൗളര്‍മാരും, മധ്യനിര ബാറ്റ്‌സ്മാന്‍മാരുമാണ് അവര്‍ക്ക് വിനയായത്. ഇന്ന് ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ഈ നിര്‍ണ്ണായക മത്സരം.

0Shares