ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധാഹ്വാനവുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍

  • Post category:news
  • Reading time:3 mins read
You are currently viewing ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധാഹ്വാനവുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്, നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേശ് ബംഗളൂരുവിലെ വീട്ടില്‍വെച്ച് വെടിയേറ്റ് മരിച്ചത്. വീടിന് മുന്നില്‍ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊലപാതകം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ശക്തമായ പ്രതിഷേധം ഉയരണമെന്നും. ബുധനാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതായും പത്രപ്രര്‍ത്തക യൂണിയന്‍ അറിയിച്ചു. ശക്തമായ പ്രതിഷേധസ്വരങ്ങളുമായി നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ കേരളത്തിലെ പെണ്‍കൂട്ടായ്മ ഇന്ന് തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നീര്‍മാതളച്ചുവട്ടില്‍ വൈകിട്ട്‌നാലിനു ഒത്തുകൂടുന്നു. പെണ്‍കൂട്ടായ്മയിലെ സുഹൃത്തുക്കളെല്ലാം കറുത്ത ബാഡ്ജ് ധരിയ്ക്കുക. കേരളത്തിനു പുറമേ രാജ്യത്തെ വിവിധ നഗരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ടൗണ്‍ഹാള്‍, മാഗളൂരു ഡി.സി ഓഫീസ് പരിസരം, ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ 11 മണിക്കും ഉച്ചയ്ക്ക് 12.30നും 3 മണിയ്ക്കും പ്രതിഷേധ പരിപാടികള്‍ നടക്കും.ജന്ദര്‍ മന്ദിറില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിക്കും. മുംബൈ ഭാദ്രയില്‍ വൈകീട്ട് ആറുമണിയ്ക്കും ഹൈദരാബാദില്‍ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തില്‍ വൈകീട്ട് നാലിനും ചൈന്നെ പ്രസ്‌ക്ലബ്ബ് പരിസരത്ത് രാവിലെ പതിനൊന്നു മണിക്കും പ്രതിഷേധയോഗങ്ങള്‍ നടക്കും. സംസ്ഥാനത്തെ എല്ലാ പ്രസ്‌ക്ലബ് കേന്ദ്രീകരിച്ചും പ്രതിഷേധപരിപാടി നടക്കും. കാസര്‍കോട്ട് ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി.

 

പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

‘മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചു കൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. നീ ചത്വവും ഭീരുത്വവും നിറഞ്ഞ ഈ ക്രൂര കൃത്യത്തില്‍ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. ശക്തമായ സാമൂഹ്യ രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്ന ഉയര്‍ന്ന ബോധമുള്ള മാധ്യമ പ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര ചിന്തയ്ക്കും നിലപാടുകള്‍ക്കും എതിരായ അസഹിഷ്ണുതയുടെ ഒടുവിലത്തെ രക്ത സാക്ഷിയാണ് ഗൗരി. ശക്തമായ പ്രതിഷേധം ഈ നിഷ്ഠൂര വധത്തിനെതിരെ ഉയരണം. ബുധനാഴ്ച കേരളത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു.’കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുകയാണെന്നും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുകയും ബാഡ്ജ് ധരിച്ച് തന്നെ ജോലിക്ക് ഹാജരാകണമെന്നും കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ പ്രസ്താവന:

‘സുഹൃത്തുക്കളെ…
ബംഗ്ലരൂവില്‍ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് അതിക്രൂരമായി വെടിവെച്ചു കൊല്ലപ്പെട്ട സംഭവം അറിയാമല്ലോ…. ഈ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ (ബുധന്‍) കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. നാളെ എല്ലാവരും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണം. 12 മണിക്കാണ് പ്രകടനം ഉദ്ദേശിക്കുന്നത്. ജോലിക്ക് ഹാജരാവുമ്പോഴും കറുത്ത ബാഡ്ജ് ധരിക്കണം. പ്രതിഷേധ പരിപാടികളില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണം’.

നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ സഖാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ അരുംകൊലയില്‍ ശക്തമായ പ്രതിഷേധവും രോഷവും അറിയിക്കുകയാണെന്ന് നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ പ്രസ്താവനയില്‍ പറഞ്ഞു.രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെയും ഫാസിസ്റ്റ് കിരാതത്വത്തിന്റെയും ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ വൈകിട്ട് നാലിനു നടക്കുന് പരിപാടിയില്‍ ഖരുത്ത ബാഡ്ജ് ധരിച്ച് പങ്കെടുക്കണമെന്നും നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ അറിയിച്ചു.

നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന:

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ചണങകയുടെ സഖാവുമായ ഗൗരി ലങ്കേഷിന്റെ അരുംകൊലയില്‍ ശക്തമായ പ്രതിഷേധവും രോഷവും അറിയിക്കുന്നു. നാടിന്റെ മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ ധീരമായ നിലപാടെടുത്ത ഗൗരിയെ സംഘപരിവാര്‍ നിഷ്ഠുരമായി കൊല ചെയ്യുകയാണുണ്ടായത്. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെയും ഫാസിസ്റ്റ് കിരാതത്വത്തിന്റെയും ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
വിയോജനശബ്ദങ്ങളെ നിശ്ശബ്ദമാക്കാനാണ് അവര്‍ ശ്രമിയ്ക്കുന്നത്. ഗൗരി ലങ്കേഷിന്റെ നിലപാടുകളില്‍ വിറളി പൂണ്ട തീവ്ര ഹിന്ദുത്വശക്തികളുടെ ഈ കൊടുംക്രൂരതയ്ക്കെതിരെ മനുഷ്യസ്നേഹികള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. ഗൗരിയെ നിശ്ശബ്ദയാക്കുന്നതിലൂടെ മാധ്യമലോകത്തെ ഭയപ്പെടുത്താമെന്നവര്‍ വ്യാമോഹിയ്ക്കുന്നു. ഗൗരിയുടെ നിലപാടുകള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സംഘപരിവാറിനുള്ള മറുപടി. ഞങ്ങളില്‍ ഒരാളെ അരുംകൊല ചെയ്ത് തളര്‍ത്താമെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ കൂടുതല്‍ കരുത്തോടെ ഞങ്ങളുണ്ടാകും. ഗൗരി ലങ്കേഷിന്റെ ധീരവീരസ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിയ്ക്കുന്നു.

0Shares