ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പോലീസ് നായ ബ്ലാക്കി ചത്ത നിലയില്‍; കാരണം കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പോലീസ് നായ ബ്ലാക്കി ചത്ത നിലയില്‍; കാരണം കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക്

ആലപ്പുഴ: ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പോലീസ് നായ ചത്ത നിലയില്‍. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ മൂന്ന് വയസുകാരന്‍ ജൂഡോ എന്ന ബ്ലാക്കി ആണ് ചത്തത്. സ്‌ക്വാഡിന്‍റെ വാനിലാണ് ചത്ത നിലയില്‍ നായയെ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈകീട്ടു വരെ കാത്തെങ്കിലും നായയുടെ വിവരങ്ങള്‍ അടങ്ങിയ ബുക്ക് ആലപ്പുഴയില്‍ നിന്ന് എത്തിക്കാന്‍ വൈകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായില്ല.

ജൂഡോയുടെ ജഡം ആലപ്പുഴയിലെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്നു ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആലപ്പുഴയില്‍ സംസ്‌കരിക്കും. ബോംബ് സ്‌ക്വാഡില്‍ നായയെ കൈകാര്യം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക് ആകാം മരണകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. എം.സി റോഡ് വഴി കോട്ടയത്തേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ വാഹന വ്യൂഹം കടന്നു പോകുന്നതിന്‍റെ ഭാഗമായുള്ള പരിശോധനയ്ക്കായാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജൂഡോയെ എത്തിച്ചത്. ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പരിശോധനയ്ക്കു ശേഷം സംഘം കാരയ്ക്കാട് ഭാഗത്തേക്കു പോയി. ഇതിനിടെ വെള്ളം കൊടുക്കാന്‍ നോക്കുമ്പോഴായിരുന്നു ചത്ത നിലയില്‍ കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

0Shares