
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി പിൻവലിക്കില്ലെന്ന് തറപ്പിച്ചു വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.ഇതോടെ കോണ്‍ഗ്രസിൽ കൂട്ടരാജിക്കാണ് കളമൊരുങ്ങുന്നത്. ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു. കൂടുതൽ നേതാക്കൾ ഇതിനുപിന്നാലെ രാജിവയ്ക്കുമെന്നാണ് സൂചനകൾ.

കോണ്‍ഗ്രസിന്റെ നിയമ-മനുഷ്യവകാശ സെൽ അധ്യക്ഷ പദവിൽനിന്നും രാജ്യസഭ എം.പി വിവേക് തൻഖ രാജിവച്ചിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.രാഹുൽ ഗാന്ധിക്ക് പുതിയ ടീമിനെ രൂപീകരിക്കാൻ ഇതു സഹായിക്കുമെന്നും പാർട്ടിയിലെ വിവിധ പദവികൾ വഹിക്കുന്നവർ രാജിസർപ്പിക്കണമെന്നും തൻഖ ആവശ്യപ്പെട്ടു. പാർട്ടിക്ക് അധികകാലം സ്തംഭനാവസ്ഥയിൽ തുടരാനാകില്ലെന്നും തൻഖ ട്വീറ്റ് ചെയ്തിരുന്നു.പിന്നീട് രാജിവെച്ചവരും ഇതേ നിലപാട് ആവര്‍ത്തിച്ചു.
തന്‍ഖയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടിയുടെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് ഘടകങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രാജിക്ക് തയ്യാറായത്.ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു അദ്ദേഹം.മഹിളാ കോണ്‍ഗ്രസിന്റെ ഹരിയാന ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാന്, മേഘാലയയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി നെട്ട പി സങ്മ, സെക്രട്ടറി വീരേന്ദര്‍ രാത്തോഡ്, ഛത്തിസ്ഗഢ് ജനറല്‍ സെക്രട്ടറി അനില്‍ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീര്‍ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീര്‍ യാദവ് എന്നിവരാണ് രാജിവെച്ച പ്രമുഖര്‍. പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നാക്കം പോകാതെ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ കൂട്ടരാജി.
