തൊടുപുഴ: കൊട്ടക്കമ്പൂര്‍ കയ്യേറ്റത്തില്‍ നടപടിയായി. കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എം.പി കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കി. 20 ഏക്കര്‍ സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്നു ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളുടെ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. പട്ടിക ജാതിക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമിയാണ് കൈവശം വെച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ഒറ്റ ദിവസം കൊണ്ട് നല്‍കിയത് എട്ടുപട്ടയങ്ങളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ജോയ്സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണ് കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്സ് ജോര്‍ജ് 2013 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
വ്യാജ രേഖകളിലൂടെയാണു ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ജോയ്സ് ജോര്‍ജിനും മറ്റു 32 പേര്‍ക്കും രേഖകള്‍ നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി നോട്ടീസ് അയച്ചിരുന്നത്. ഇതേ തുടര്‍ന്ന് ജോയ്സ് ജോര്‍ജും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം രേഖകള്‍ ഹാജരാക്കിയിരുന്നു. ജോയ്സ് ജോര്‍ജിനു വേണ്ടി അഭിഭാഷകനാണ് രേഖകള്‍ ഹാജരാക്കിയത്. രേഖകള്‍ ഹാജരാക്കുന്നതിനെ എതിര്‍ത്തു സി.പി.എം പോഷക സംഘടനയായ കര്‍ഷക സംഘം രംഗത്തെത്തുകയും ചെയ്തിരുന്നു. മൂന്നാറില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കൊട്ടക്കാമ്പൂരില്‍ നിന്നു കര്‍ഷകരെ ഇതിനായി വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു കര്‍ഷക സംഘത്തിന്റെ നിലപാട്.
കൊട്ടക്കമ്പൂര്‍ കയ്യേറ്റത്തില്‍ നടപടി വന്നു; ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി