
കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടന ദിവസം കെ.എം.ആര്.എല്‍ ആണ് നഴ്സുമാര്‍ക്കായി സൗജന്യ മെട്രോ യാത്ര ഒരുക്കിയത്. ആരോഗ്യമന്ത്രി ഒപ്പം കൂടിയതോടെ നഴ്സുമാര്‍ക്കും ആവേശമായി. മെട്രോയില്‍ സെല്‍ഫിയെടുത്തും ഉല്ലസിച്ചും അവര്‍ യാത്ര മനോഹരമാക്കി. യാത്രയുടെ ചിത്രങ്ങള്‍ കെ. കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നിപയെന്ന മഹാവിപത്തിനെ തുരുത്താന്‍ പോരാടിയ നഴ്സുമാര്‍ക്ക് കൊച്ചി മെട്രോ നല്കിയ ആദരം കൂടിയായിരുന്നു സൗജന്യ യാത്ര.

ജില്ലയിലെ മുന്നൂറിലധികം നഴ്സുമാര്‍ യാത്ര ആസ്വദിക്കാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഇരട്ടിമധുരമായി നടിമാരായ റീമ കല്ലിങ്കല്‍ അടക്കമുളളവരും എത്തിയിരുന്നു. ബുധനാഴ്ച മുതല്‍ ആലുവ മുതല്‍ തൈക്കൂടം വരെ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. 60 രൂപയാണ് ആലുവ-തൈക്കൂടം ടിക്കറ്റ് നിരക്ക്. ഓണസമ്മാനമായി 18ാം തിയതി വരെ പകുതി നിരക്കില്‍ യാത്ര ചെയ്യാം. 25ാം തിയതി വരെ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങും സൗജന്യമായിരിക്കും.
