
തിരുവനന്തപുരം: കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ലയനതീരുമാനം കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരളാ ബാങ്കിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മലപ്പുറം ഒഴികെ ബാക്കിയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം കേവല ഭൂരിപക്ഷത്തോടെ പാസാക്കി.

ഇപ്പോഴുള്ള സംസ്ഥാന സഹകരണ നിയമം അനുസരിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വോട്ട് ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷം മാത്രമാണ് ലയന തീരുമാനത്തിനു വേണ്ടത്. കേവല ഭൂരിപക്ഷത്തോടെ ലയനത്തിനുള്ള തീരുമാനം അംഗീകരിച്ച 13 ജില്ലാ സഹകരണ ബാങ്കുകളില്‍ ഒന്‍പത് സ്ഥലങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവും ലഭിച്ചു.
കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കൂടുതല്‍ ലയന തീരുമാനത്തിന് അനുകൂലമായി ലഭിക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ ഒഴികെയുള്ള എല്ലാ ജില്ലയിലും കേവല ഭൂരിപക്ഷം നേടിയ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിലുളള ലയന പ്രക്രിയയ്ക്കുള്ള അംഗീകാരം നേടാന്‍ കഴിഞ്ഞതോടെ കേരളാ ബാങ്കിന് മുന്നോടിയായ പ്രധാന കടമ്പ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്നും ലയനത്തിന് എതിരായ നിലപാടു തുടക്കം മുതല്‍ കൈക്കൊണ്ടു വന്ന യു.ഡി.എഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച അംഗീകാരമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ഒന്‍പത് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാണു വോട്ടിങ് നടന്നത്.
