തിരുവനന്തപുരം: കൃത്രിമ മഴ പെയ്യിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. കൃത്രിമ മഴയിലൂടെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, നിലവിലുള്ള സാങ്കേതികവിദ്യകള്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിലപാട്. കേരളം പദ്ധതിയുമായി രംഗത്തെത്തുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതായി കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തേ ഇതിനായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം വേനല്‍ കടുത്തിട്ടും സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ മെല്ലെപ്പോക്കിലാണെന്ന ആരോപണമുണ്ട്.

ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളില്‍ ജലവിതരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 11,000 വാട്ടര്‍ കിയോസ്കുകളില്‍ ഇതുവരെ സ്ഥാപിച്ചത് ആയിരത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ച വാട്ടര്‍ കിയോസ്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ഉറപ്പിച്ചത് കഴിഞ്ഞ മാസമാണ്. ഓരോ ജില്ലയിലും കിയോസ്ക് വാങ്ങി ജലവിതരണം നടത്താന്‍ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയത്. ഇതുവരെ 950 കിയോസ്കുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഇതില്‍ 766 എണ്ണവും കഴിഞ്ഞവര്‍ഷം വാങ്ങിയവയാണ്. കിയോസ്കിന് ടാങ്കുകള്‍ വിതരണം ചെയ്യാന്‍ രണ്ട് കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കലക്ടര്‍മാര്‍ ഓര്‍ഡര്‍ നല്കിയാല് 10 ദിവസത്തിനകം ടാങ്കുകള്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പല ജില്ലകളിലും ഇതുവരെ ടാങ്കുകള്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം തുടങ്ങി ചുരുക്കം ജില്ലകളില്‍ മാത്രമാണു പേരിനെങ്കിലും ടാങ്കുകള്‍ സ്ഥാപിച്ചു ജലവിതരണം തുടങ്ങിയിട്ടുള്ളത്.