
കുലുക്കി സര്‍ബത്ത്, ഫുള്‍ജാര്‍ സോഡ, ഇപ്പോള്‍ ഇതാ തരംഗമാവാന്‍ തുടങ്ങുകയാണ് കറക്കിചായ അഥവാ കറക്ക് ചായ. വിവിധ തരത്തിലുള്ള ചായകള്‍ ഉണ്ടാക്കുന്നതും, ചായയടിക്കുന്നതുമൊക്കെ ഒരു കലയാണ്. എന്നാല്‍, പത്മശ്രീ കിട്ടുന്ന വിധത്തിലുള്ള ഒരു ചായയടിക്കല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഒരു തരത്തില്‍ അതാണ് ‘കറക്കിചായ’..
പൊന്നാനിക്കാരനായ ‘ടീമാന്‍’ ചായയടിക്കുന്നത് കണ്ടാല്‍ ആരായാലും അങ്ങനെ പറഞ്ഞ് പോകും. വിദഗ്ധനായ മായാജാലക്കാരന്‍ പോലും മാറി നില്‍ക്കും പൊന്നാനിയിലുള്ള ചപ്പാത്തി ഫാക്ടറി എന്ന ചായക്കടയിലെ ഈ ചായയടിക്കാരന്‍റെ മായാജാലത്തിന് മുന്നില്‍.
അത്രയ്ക്ക് വിസ്മയവും അത്ഭുതവും ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രകടനം. മേഘാ മോഹന്‍ എന്ന യുവതി ട്വിറ്ററിലൂടെ പങ്ക് വെച്ച വെറും നാല്‍പ്പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുളള വീഡിയോയാണ് ഈ ‘ചായയടി’ ഇത്രയും ഹിറ്റാക്കിയത്.
https://twitter.com/meghamohan/status/1038734094824337408
ഇതോടെ, ടീമാന് പത്മശ്രീ നല്‍കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, മിക്ക ഹോട്ടലുകളിലും കറക്കി ചായ ട്രെന്‍ഡായി തുടങ്ങുകയും ചെയ്തു. സാധാരണ ചായക്കടയില്‍ ചായ കൊണ്ട് വെച്ചാല്‍ അപ്പോള്‍ തന്നെ കുടിച്ച് തുടങ്ങാം. എന്നാല്‍, ഇവിടെ അങ്ങനെയല്ല. മേശപുറത്ത് ചായയ്ക്ക് പകരമെത്തുന്നത് ഇതുവരെ കാണാത്ത ഒരു പാനീയമായിരിക്കും. ഇനി അത് എങ്ങനെ ചായയാകും എന്നല്ലേ? അവിടെയാണ് ടീമാന്‍റെ മാജിക് ഒളിഞ്ഞിരിക്കുന്നത്.
തേയിലവെള്ളം, പാല്‍, പത എന്നിങ്ങനെ 3 ലെയറായി കാണപ്പെടുന്ന പാനീയം അടങ്ങിയ ആ ഗ്ലാസ് ആദ്യം അയാള്‍ കയ്യിലെടുക്കും. പിന്നീട് ഗ്ലാസ് അന്തരീക്ഷത്തില്‍ ഒന്ന് വട്ടം കറക്കി എടുക്കും. നല്ല സ്ട്രോംഗ് ചായ റെഡി…
