കീഴാറ്റൂര്‍ ‘വയല്‍ക്കിളി’ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം; വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing കീഴാറ്റൂര്‍ ‘വയല്‍ക്കിളി’ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം; വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

 

കണ്ണൂര്‍: കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെവീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയിട്ടു നശിപ്പിച്ചിരുന്നു. ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിര്‍മിക്കുന്നതിന് പിന്നില്‍ തളിപ്പറമ്പിലെ സി.പി.ഐ.എം-കോണ്‍ഗ്രസ്-മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്നാണ് വയല്‍ക്കിളികളുടെ ആരോപണം. തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതികൂട്ടാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാന്‍ തീരുമാനിച്ചത്.

ബി.ജെ.പിയുടെ പരിസ്ഥിതി സെല്‍ അംഗങ്ങള്‍ ഇന്നു കീഴാറ്റൂര്‍ സന്ദര്‍ശിക്കും. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തില്‍ എ.ഐ.വൈഎ.ഫ് പ്രതിനിധി സംഘം ഇന്നലെ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചു. ബൈപാസിനു പകരം നഗരത്തിലുടെ മേല്‍പാലം നിര്‍മിക്കണമെന്നും കീഴാറ്റൂര്‍ സമരം വിജയിക്കേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും മഹേഷ് കക്കത്ത് പറഞ്ഞു. പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ നേരത്തേ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊളിച്ചു തീയിട്ടിരുന്നു. സി.പി.ഐ.എമ്മിന്റെ മുന്‍ഭാരവാഹികളും പ്രവര്‍ത്തകരുമാണു വയല്‍ക്കിളി കൂട്ടായ്മയിലുള്ളത്. ബൈപാസിനെതിരായ ആദ്യകാല സമരങ്ങള്‍ക്കു സി.പി.ഐ.എം തന്നെയാണു നേതൃത്വം നല്‍കിയിരുന്നതും.

0Shares