ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ കീഴടങ്ങാന്‍ സാവകാശം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരാണ് ശശികല ഉടന്‍ കീഴടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് നിര്‍ദേശം അനുസരിച്ച് ഇന്ന് തന്നെ കീഴടങ്ങാന്‍ തയ്യാറാണെന്ന് ശശികലയുടെ അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതിയിലേക്ക് കീഴടങ്ങാനായി പോകുന്ന വഴിയില്‍ ശശികല മറീനാ ബീച്ചിലെ ജയലളിതയുടെ സ്മാരകം സന്ദര്‍ശിക്കും അതിനു ശേഷം നേരെ ബെംഗളൂരു കോടതിയില്‍ ഹാജരാകും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അടക്കമുള്ളവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ശരിവച്ചത്. നാലുവര്‍ഷം തടവും 10 കോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. നാല് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാല്‍ അടുത്ത 10 വര്‍ഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അതിനാല്‍ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല ക്യാമ്പ് തെരഞ്ഞെടുത്തിരുന്നു.