
കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന അന്താരാഷ്ട്ര സര്‍വീസുകളുമായി ‘ഗോ എയര്‍’. പുതുതായി ഏഴ് അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതിൻ്റെ ഭാഗമായാണിത്. കണ്ണൂരിന് പുറമെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബായ്, അബുദാബി, മസ്കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിൻ്റെ പദ്ധതി.

ഈ മാസം 19 മുതല്‍ പുതിയ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനാണ് ഗോ എയര്‍ പദ്ധതിയിടുന്നത്. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എം.ഡിയും ആക്ടിങ് സി.ഇ.ഒ.യുമായ ജെഹ് വാഡിയ പറഞ്ഞു .
