
തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 ഇമിഗ്രേഷന്‍ കൗണ്ടറുകളുമാണ് വിമാനത്താവളത്തിലുള്ളത്. ലൈസന്‍സ് ലഭിച്ചതോടെ 3050 മീറ്റര്‍ റണ്‍വേ 4000 മീറ്ററാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഒരേസമയം 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണ് കണ്ണൂര്‍ വിമാനത്താവളത്തിനുള്ളത്. വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ 11 രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ട്.
രാജ്യാന്തര വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, സൗദി എയര്‍വേസ്, എന്നിവയും ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുള്ളത്. വിമാനത്താവളം പ്രവര്‍ത്തനസജ്ജമായതോടെ സുരക്ഷാ ചുമതല കഴിഞ്ഞദിവസം സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു. ഇന്നുമുതല്‍ 12 വരെ വിമാനത്താവളം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.