വാഷിങ്ടണ്‍: അധികാരമേറ്റതിനു പിന്നാലെ കടുത്ത നടപടികള്‍ കൈകൊണ്ട് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു കഴിഞ്ഞു. മതില്‍ നിര്‍മ്മിക്കാനുള്ള രൂപ രേഖ തയ്യാറാക്കുന്നതിന് നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പു വച്ചത്. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വാദത്തെ മുന്‍ നിര്‍ത്തി സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം താല്‍ക്കാലികമായി തടയുന്നതിനുള്ള നിര്‍ദേശത്തിലും ട്രംപ് ഒപ്പ് വച്ചിട്ടുണ്ട്.

യുഎസ്- മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ മതില്‍ നിര്‍മ്മിച്ച് മെക്‌സികോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. 3200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ മതില്‍ നിര്‍മ്മാണത്തിന്റെ ചിലവ് മെക്‌സികോയില്‍ നിന്നും ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മെക്‌സികോയില്‍ നിന്നും പണം ഈടാക്കാനുള്ള ട്രംപിന്റെ നീക്കം അനുവദിക്കില്ലെന്ന് മെക്‌സിക്കന്‍ അധികാരികള്‍ അറിയിച്ചു.
