
മെൽബൺ : കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഓസ്ട്രേലിയന്‍ റിസർവ് ബാങ്ക് പുറത്തിറക്കിയ 50 ഡോളർ നോട്ടിൽ അക്ഷരത്തെറ്റ് കണ്ടെത്തി. ട്രിപ്പിൾ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റർ അകൗണ്ടിലൂടെ ഈ വിവരം പുറത്ത് വിടുന്നത്. റേഡിയോ സ്റ്റേഷന്റെ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്. 50 ഡോളർ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓസ്ട്രേലിയൻ പാർലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളിലാണ് തെറ്റ് സംഭവിച്ചത്.

പ്രസംഗത്തിലെ ‘റെസ്പോൻസിബിലിറ്റി’ എന്ന വാക്കിലാണ് അക്ഷരപ്പിശക് കാണാൻ സാധിക്കുന്നത്. ഈ വാക്കിൽ ‘എല്ലി’നും ‘റ്റി’ക്കുമിടയിൽ വരേണ്ട ‘ഐ’ എന്ന അക്ഷരം ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയയിൽ നിലവിൽ സർക്കുലേഷൻ ഉള്ള നോട്ടുകളിൽ 46 ശതമാനവും 50 ഡോളർ നോട്ടാണ്. നോട്ടിലെ അക്ഷരത്തെറ്റ് ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അടുത്ത പ്രിന്റിൽ തിരുത്തുമെന്നും റിസർവ് ബാങ്ക് വക്താവ് അറിയിച്ചു.
