തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച 5000 രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് 15000 ആക്കി ഉയര്‍ത്തുകയും മത്സ്യബന്ധന ക്ഷേമവകുപ്പ് 5000 രൂപയും നല്‍കും. മൊത്തം 20000 രൂപയാണ് പരിക്കേറ്റവര്‍ക്ക് നല്‍കുക. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും.തുക പിന്നീട് നിശ്ചയിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഫലപ്രദമായ മുന്നറിയിപ്പിന് സംവിധാനം ഒരുക്കും. ഇത് വരെയായി 400 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക.
തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കേരള തീരത്തിന് പുറമെ ലക്ഷദ്വീപില്‍ പന്ത്രണ്ട് ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വീട് ഒഴിഞ്ഞു പോകേണ്ടി വന്നവര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാവികസേന, എയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. സൈന്യം എല്ലാ സജ്ജീകരണവുമായി ഉണ്ടായിരുന്നുവെങ്കിലും ഇടപെടലിന്റെ ആവശ്യം വന്നില്ല എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദിയും അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടയത് നല്ല ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാലിതിന് പരിഹാരമായി കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിന് പുതിയ സംവിധാനങ്ങള്‍ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പുതിയ ക്രമീകരണങ്ങള്‍ ഉടന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം; പരിക്കേറ്റവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും