തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന ബുധനാഴ്ച കണ്ടെത്തി. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചു. ഇതോടെ നാവിക വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി. അതേസമയം കേരള,ലക്ഷദ്വീപ് തീദീരത്ത് 35 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ഏഴാം ദിവസവും തിരച്ചില്‍ നടത്തി വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 12 ബോട്ടുകളാണ് ഉള്ളത്. നേവിയുടെ തിരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലക്ഷദ്വീപിലെ ബിത്രയില്‍ ഇന്നലെ കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്ത ദിവസം കേരളതീരത്ത് എത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ എഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ സര്‍വിസ് നടത്തും.
തിരച്ചിലിനായി ഫിഷറീസ് വകുപ്പിന്റെ അഞ്ച് ബോട്ടുകളും പുറപ്പെടുന്നുണ്ട്. ഇതുവരെ സംയുക്തസേന ഇതുവരെ 359 പേരെ രക്ഷപ്പെടുത്തിയതായാണ് കണക്ക്. ചുഴലില്‍ക്കാറ്റില്‍ പെട്ട് കടലില്‍ അകപ്പെട്ടവരില്‍ 92 പേരെ മാത്രേമ ഇനിയും കണ്ടെത്താനുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍മാത്രം 201 പേരെ കടലില്‍ കാണാതായാണ് ലത്തീന്‍ അതിരൂപത പറയുന്നത്. കൊച്ചിയില്‍ നിന്ന് പോയ 700 തൊഴിലാളികള്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലോങ്‌ലൈന്‍ ബോട്ട്‌സ് ഏജന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ വ്യക്തമാക്കി. 68 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ 11 പേരെ കൂടി കണ്ടെത്തി; നേവിയുടെ തിരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളും