ഇറാന്: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്. ഇഷ്ടഭക്ഷണത്തിനു വില അല്‍പ്പം കൂടിയാലും നമുക്കതൊരു പ്രശ്നമേയല്ല. എന്നാല്‍ 23 ലക്ഷം മുടക്കി ഇഷ്ടഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? സ്റ്റര്‍ഗ്ഗ്യോന്‍ മീനിന്റെ കേവിയാര്‍ എന്ന മുട്ടയാണ് ഈ പറഞ്ഞ കൂറ്റന്‍ വിലയ്ക്ക് ലഭിക്കുന്നത്.

ഇറാനില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം ‘കടല്‍ കൂരി’ മീനിന്റെ മുട്ടകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും കൂടിയ വിലയ്ക്ക് ലഭിക്കുന്നത്. കാസ്പിയാന്‍ കടലിലും കരിങ്കടലിലും മാത്രം കാണപ്പെടുന്ന ചിലയിനം മത്സ്യങ്ങളാണ് സ്റ്റര്‍ഗ്ഗ്യോന്‍. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകള്‍ മാത്രമാണ് കേവിയാര്‍ എന്ന് വിളിക്കപ്പെടുന്നതെങ്കിലും ഇറാനിയന്‍ തീരങ്ങളില്‍ കാണപ്പെടുന്ന ബെലുഗ (Beluga) എന്ന ഇനം മത്സ്യത്തിന്റെ കേവിയാര്‍ ആണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളതും വളരെ അപൂര്‍വ്വമായി കിട്ടുന്നതും.

ബെലുഗയെ കൂടാതെ, സ്റ്റെര്‍ലറ്റ്, ഒസ്സട്റ, സെവ്റുഗ എന്നീ ഇനം സ്റ്റര്‍ഗ്ഗ്യോന്‍ മത്സ്യങ്ങളില്‍ നിന്ന് മാത്രമാണ് കേവിയാര്‍ ലഭിക്കുന്നത്. ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കെമിസ്ഥാന്‍, അസര്ബൈജാന് രാജ്യങ്ങളിലെ കാസ്പിയാന്‍ തീരങ്ങളിലും ഈ മത്സ്യങ്ങള്‍ കാണപ്പെടുന്നുണ്ട്. കുരുമുളക് കുല പോലെ കാണപ്പെടുന്ന കേവിയാര്‍ മുട്ടകള്‍ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്. അത് കൊണ്ട് തന്നെയാണ് വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഇത്തരം മത്സ്യങ്ങളുടെ മുട്ടകള്‍ വിലപ്പിടിപ്പുള്ളതായത്.

മുട്ടകള്‍ പച്ചയോടെയും ശുദ്ധീകരിച്ച് വേവിച്ച ശേഷവുമാണ് കഴിക്കുന്നത്. ഇരുണ്ട നിറത്തിലുള്ള മുട്ടയേക്കാള്‍ ഇളം നിറത്തിലും അല്‍പ്പം വലിപ്പ കൂടുതലുമുള്ള കേവിയാറിനാണ് വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. ഒമേഗ കൊണ്ട് സമ്പുഷ്ടമായ കേവിയാറില്‍ വിറ്റമിന്‍ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്പും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന് പുറമേ ശരീരത്തിന്ന് ഉന്മേഷവും ഓജസ്സും കേവിയാര്‍ മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും.
