കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബി.ജെ.പി-ആര്.എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.രാഷ്ട്രീയ കൊലക്കേസുകളില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിക്രമങ്ങള്‍ക്കുപിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തലശ്ശേരിയിലെ ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്.കെ. പ്രേംദാസാണ് ഹര്‍ജി നല്‍കിയത്. കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചാണ് ഹര്‍ജി. റെമിത്(ധര്‍മടം), സന്തോഷ്കുമാര്‍(ധര്‍മടം), സി.കെ രാമചന്ദ്രന്(പയ്യന്നൂര്‍), ബിജു(പയ്യന്നൂര്‍), വിമല, രാധാകൃഷ്ണന്(കഞ്ചിക്കോട്), രവീന്ദ്രന് പിള്ള(കടയ്ക്കല്‍), രാജേഷ്(തിരുവനന്തപുരം) എന്നിവരുടെ കൊലപാതകക്കേസുകളാണ് അന്വേഷിക്കാന്‍ ഹരജി നല്‍കിയത്.