ഒബാമ തുടങ്ങിവച്ച ചട്ടങ്ങള്‍ റദ്ദാക്കി ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing ഒബാമ തുടങ്ങിവച്ച ചട്ടങ്ങള്‍ റദ്ദാക്കി ട്രംപ്.


വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടു വന്ന ചട്ടങ്ങള്‍ റദ്ദാക്കി ഡൊണള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന പദ്ധതിയാണ് ട്രംപ് നിര്‍ത്തലാക്കിയത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓഡറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ആറോളം നിബന്ധനകളാണ് എനര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് എക്സിക്യൂട്ടീവ് ഓഡര്‍ റദ്ദാക്കിയിരിക്കുന്നത്. ഖനി ഉടമകളടക്കമുള്ള വ്യവസായികള്‍ ട്രംപിന്റെ നീക്കത്തെ അനുകൂലിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കല്‍ക്കരി ഉപയോഗം സംബന്ധിച്ച പ്രതിസന്ധി ഇതോടെ തീരുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്ന പ്രശ്നം തീരുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ചരിത്രം കുറിക്കുന്ന തീരുമാനമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്നമാണെന്നും അതിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നുമുള്ള ഒബാമയുടെ നിലപാടിന് കടകവിരുദ്ധമാണ് ട്രംപിന്റേത്. കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറയ്ക്കുന്നതടക്കം പാരീസ് ഉടമ്പടി പ്രകാരമുള്ള ക്ലീന്‍ പവര്‍ പ്ലാനില്‍ നിന്ന് ട്രംപ് ഗവണ്‍മെന്റ് പിന്മാറിയിരിക്കുന്നു. അതേസമയം റിപ്പബ്ലക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിയമകുരുക്കിലായിരുന്നു. വ്യവസായികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് കാര്‍ബണ്‍ നിയന്ത്രണത്തിനെതിരെ വന്നത്. കഴിഞ്ഞ വര്‍ഷം യു.എസ് സുപ്രീംകോടതി, കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം സ്റ്റേ ചെയ്തിരുന്നു.

0Shares