
കൊച്ചി: പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിനെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയും നിർമ്മാതാക്കളുടെ സംഘടനയും അംഗത്വത്തിൽ നിന്നും പുറത്താക്കി. കൊച്ചിയിൽ മമ്മൂട്ടിയുടെ വീട്ടിൽ നടന്ന അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ’ യോഗത്തിൽ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം എടുത്തു.

ദിലീപിനെതിരെ ”അമ്മ’ നടപടി എടുത്തില്ല എങ്കിൽ താന്‍ തന്റെ നിലപാട് പരസ്യമായി പറയുമെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ ദിലീപിനെതിരെ നടപടി എടുത്തേ പറ്റൂവെന്ന് ആസിഫ് അലി യോഗത്തിന് മുൻപ് പ്രതികരിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, കലാഭവന്‍ ഷാജോണ്‍, ഇടവേള ബാബു, രമ്യ നമ്പിശൻ എന്നിവർ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു. അതേസമയം, തിയേറ്റര്‍ ഉടമകളുടെ സംഘടനയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദിലീപിനെ ഒഴിവാക്കിയുള്ള തീരുമാനം അവരും കൈക്കൊള്ളാനാണ് സാധ്യത. അമ്മ സംഘടനാ അവസാനം വരെ ദിലീപിനെ പിന്തുണയ്ക്കുകയും അതിന്റെ പേരിൽ ഏറെ പഴി കേൾക്കുകയും ചെയ്തതിനൊടുവിലാണ് ഇപ്പോഴത്തെ ഈ തീരുമാനം.
