
തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യു.എൻ റിക്കവറി ഓഫീസ‌് കേരളത്തിൽ തുറന്നു. നവകേരള നിർമാണത്തിന‌് ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയാണ‌് മുഖ്യലക്ഷ്യം. തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയിലാണ‌് ഓഫീസ‌്. പ്രളയാനന്തര പുനർനിർമാണത്തിന‌് പ്രവർത്തിക്കുന്ന വിവിധ യു.എൻ ഏജൻസികളെ ഏകോപിപ്പിക്കും. യുണിസെഫ‌്, യു.എൻ.ഡി.പി, യുനെസ‌്കോ, യുനെപ‌് തുടങ്ങിയ ഏജൻസികളെയാണ‌് ഏകോപിപ്പിക്കുക.
വിവിധ ആവശ്യങ്ങൾക്കായി ഏജൻസികളെ സമീപിക്കാതെ ഇനിമുതൽ ഓഫീസിനെ ബന്ധപ്പെട്ടാൽ മതിയാകും. വ്യക്തമായ ആസൂത്രണത്തോടെയുള്ള സംസ്ഥാന സർക്കാരിന്‍റെ ഇടപെടലാണ‌് യു.എൻ റിക്കവറി ഓഫീസ‌് പ്രവർത്തനം കേരളത്തിൽ സാധ്യമാക്കിയത‌്. ഇതിനു മുന്‍പ് തമിഴ‌്നാട്ടിലാണ‌് യു.എൻ റിക്കവറി ഓഫീസ‌് തുറന്നിട്ടുള്ളത‌്

വിവിധ യു.എൻ ഏജൻസികളുടെ ഏകോപനം, നവകേരള നിർമാണത്തിന‌് മികച്ച മാതൃക നടപ്പാക്കൽ, വിഭവസമാഹരണം എന്നിവയ‌്ക്കും റീബിൽഡ‌് കേരള ഇനിഷ്യേറ്റീവിനും സഹായം നൽകുക തുടങ്ങിയവയാണ‌് റിക്കവറി ഓഫീസിന്‍റെ ചുമതലകൾ. നവകേരള നിർമാണത്തിന‌് വിവിധ മേഖലകളിൽ ഏറ്റവും മികച്ച മാതൃക നടപ്പാക്കാൻ റിക്കവറി ഓഫീസ‌് സഹായിക്കും. ഇതിനായി വിദേശ രാജ്യങ്ങളിൽ റോഡ‌്, ഭവനം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിശോധിക്കുകയും സർക്കാരിന‌് പരിചയപ്പെടുത്തുകയും ചെയ്യും.
ഈ മാതൃക സംസ്ഥാനത്ത‌് നടപ്പാക്കാൻ ആവശ്യമായ ഇടപെടലുകളും സ്വീകരിക്കും. വിഭവ സമാഹരണത്തിനും കേരളത്തിനായി ഇടപെടും. ഗ്രാന്റ‌്, കോർപറേറ്റ‌് സോഷ്യൽ റെസ‌്പോൺബിലിറ്റി ഫണ്ട‌്, വ്യക്തികളിൽനിന്ന‌് സംഭാവന എന്നിവ സ്വരൂപിക്കാൻ പദ്ധതി തയ്യാറാക്കും. ഇവ ലഭ്യമാക്കാനും സർക്കാരിന്‍റെ സഹകരണത്തോടെ നടപടി സ്വീകരിക്കും.
