ദുബൈ: ഏഷ്യാ കപ്പ് ഗ്രൂപ്പ് എ ലീഗ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്തു. പാകിസ്താനെ 43.1 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞുവീഴ്ത്തിയ ഇന്ത്യ 29 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടും. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (52), ശിഖര്‍ ധവാന് (46) എന്നിവരാണ് പുറത്തായത്. അംബാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും 31 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ് മാച്ച്. കേദാര്‍ ജാദവും 3 വിക്കറ്റ് നേടി.അപൂര്‍വമായ ഇന്ത്യ പാക്ക് മത്സരത്തിന്റെ ആവേശം കളിക്കു മുന്‍പേ അലയടിച്ച ദുബൈ സ്റ്റേഡിയം ആരാധകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും, ചെറിയ സ്കോറില്‍ പാകിസ്താനെ ഒതുക്കിയതോടെ വിജയം ഇന്ത്യയുടെ ക്രീസില്‍ എത്തിക്കഴിഞ്ഞിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിടത്തു തന്നെ പാകിസ്താനു പിഴച്ചു. ഭുവനേശ്വറിന്റെ ആദ്യ ഓവറില്‍ ഓപ്പണര്‍ ഇമാം ഉല് ഹഖ് പുറത്ത്. ബുമ്രയുടെ പന്തുകളുടെ ദിശയറിയാതെ പാക്ക് ബാറ്റ്സ്മാന്മാര് വിയര്‍ത്തു. സ്കോര്‍ നാലില്‍ എത്തിയപ്പോള്‍ പാകിസ്താന് രണ്ടാം വിക്കറ്റും നഷ്ടമായി. ഫഖര്‍ സമാന് പൂജ്യനായി മടങ്ങി. തുടര്‍ന്നെത്തിയ ശുഐബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്ന് സ്കോര്‍ 85ല്‍ എത്തിച്ച് പാക്ക് ആരാധകര്‍ക്കു പ്രതീക്ഷയേകി. സ്പിന്നര്‍മാരുടെ ഊഴമായിരുന്നു പിന്നീട്. ബാബറിനെ (47) കുല്‍ദീപ് ബോള്‍ഡാക്കി. 43 റണ്‍സെടുത്ത് മാലിക്കിനെ റായിഡു റണ്ണൗട്ടാക്കി. തുടരെ മൂന്നു വിക്കറ്റു വീഴ്ത്തി കേദാര്‍ ജാദവ് പാക്കിസ്ഥാന് വന്‍സ്കോര്‍ എടുക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.വെള്ളിയാഴ്ച സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശാണ് എതിരാളി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാണ്. പാണ്ഡ്യയെ സ്ട്രേക്ച്ചറില്‍ കിടത്തിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.