എന്‍.ഡി തിവാരിയുടെ സംസ്‌ക്കാര ചടങ്ങിനിടെ ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിച്ചപ്പോള്‍; വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.ഡി തിവാരിയുടെ സംസ്‌ക്കാര ചടങ്ങിനിടെ ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിച്ചപ്പോള്‍; വീഡിയോ വൈറല്‍

ലഖ്നൗ: ബി.ജെ.പിക്ക് നാണക്കേടായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും വീഡിയോ. മുന്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ഡി തിവാരിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് മുന്നിലിരുന്ന് യോഗി ആദിത്യനാഥ് മന്ത്രിമാരോട് തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. എന്‍.ഡി തിവാരിയുടെ ഭൗതികദേഹം ശനിയാഴ്ച രാവിലെയാണ് ലഖ്നൗലേക്ക് എത്തിച്ചത്. തുടര്‍ന്ന് ആദരാഞ്ജലി അര്‍പ്പിക്കാനായി ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിലെത്തിക്കുകയായിരുന്നു. ഈ ചടങ്ങിനിടെയുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഡോണുമാണ് മുന്‍നിരയില്‍ ഇരിക്കുന്നത്. മന്ത്രിമാരായ മൊഹസിന്‍ റാസയും അശുതോഷ് ടണ്‍ഡോണും പിന്‍നിരയില്‍ ഇരിക്കുന്നതും കാണാം. പുറകോട്ടു തിരിഞ്ഞ് എന്തോ കാര്യം മുഖ്യമന്ത്രി സംസാരിക്കുന്നതും പിന്നീട് എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയുില്‍ ഉള്ളത്.

തിവാരിയുടെ മൃതദേഹ പേടകത്തിന് സമീപമിരുന്നാണ് ഇവരുടെയും പൊട്ടിച്ചിരി. വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം പരിപാടികള്‍ കേവലം ഫോട്ടോ എടുക്കാനുള്ള ചടങ്ങുകളല്ലെന്ന് ബി.ജെ.പി തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ബി.ജെ.പിയുടെ ഉന്നത നേതാവ് വാജ്പയിയുടെ മരണാന്തര ചടങ്ങിനിടയിലും സമാന സംഭവമുണ്ടായിരുന്നു. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖമെന്ന് സമാജ്വാദി പാര്‍ട്ടിയും പ്രതികരിച്ചു. മനുഷ്യത്വത്തില്‍ നിന്ന് എത്ര അകലെയാണ് അവരെന്നതാണ് ഇത് തെളിയിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും മൂല്യത്തെ കുറിച്ച് ഇവര്‍ക്ക് അറിയില്ല. രാഷ്ട്രീയം മാത്രമാണ് അവര്‍ക്ക് പ്രധാനപ്പെട്ടതെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് ആരോപിച്ചു.

0Shares