ബാങ്കോക്ക് : ഇഹലോകം വെടിഞ്ഞ രാജാവിന്റെ സ്വര്ഗയാത്രയ്ക്കായി സ്വര്‍ണരഥം കാലപ്പഴക്കത്തില്നിന്നു ഉയിര്ത്തെഴുന്നേല്ക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 13ന് അന്തരിച്ച തായ്ലന്ഡ് രാജാവ് ഭൂമിപാല്‍ അതുല്യതേജിന്റെ അന്ത്യയാത്രയ്ക്കാണ് പുരാതന സ്വര്‍ണരഥം പുതുക്കി പണിയുന്നത്. വരുന്ന ഒക്ടോബറില്‍ നടക്കുന്ന സംസ്കാരച്ചടങ്ങുകള്‍ക്കു മുമ്പ് സ്വര്‍ണവും കണ്ണാടിത്തുണ്ടുകളും പതിച്ച രഥം പഴയ സ്ഥിതിയിലാക്കാനുള്ള കഠിനപ്രയത്നത്തിലാണ്
തായ്ലന്ഡ് നാഷനല്‍ മ്യൂസിയത്തിലെ ഫൈന്‍ ആര്‍ട്സ് വിഭാഗം.

രാജാവിന്റെ മൃതശരീരം അടക്കം ചെയ്ത പേടകം ഈ രഥത്തിലാണു കൊട്ടാരത്തിനു പുറത്തുള്ള സനം ലുവാങ് മൈതാനത്തേക്ക് എത്തിക്കേണ്ടത്. 1795ല്‍, തായ്ലന്ഡ് രാജാവ് രാമ ഒന്നാമന് തന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങിനായി പണികഴിപ്പിച്ച ഈ സ്വര്‍ണരഥം 216 പേരായിരിക്കും വലിക്കുക. പിന്നീടത് തായ് രാജകുടുംബത്തിലെ പ്രമുഖരുടെ സ്വര്ഗയാത്രാച്ചടങ്ങുക്കായി ഉപയോഗിക്കുക പതിവായി.
