
കൊച്ചി: എം.ടിയുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചെന്ന് ചിത്രത്തിന്‍റെ നിർമാണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വ്യവസായി ബി.ആർ ഷെട്ടി. എം.ടിയും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള തർക്കും നിലനിൽക്കുന്നതിനാലാണ് സിനിമ നിർമിക്കുന്നതിൽ നിന്നും പിൻമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിന്‍റെ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനെ തുടർന്ന് തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മേനോനെ എതിർ കക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചിരുന്നു. കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്‍റെ ആവശ്യം റദ്ദാക്കണമെന്നും എം.ടി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ശ്രീകുമാർ മേനോന്‍റെ ആവശ്യം കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതി തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകുമാർ മേനോന് രണ്ടാമൂഴത്തിന്‍റെ തിരക്കഥ ഉപയോഗിക്കാൻ വിലക്ക് നിലനിൽക്കുന്നുണ്ട്.
