തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ പൊലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദ്ദിച്ച സംഭവം അതീവഗുരുതരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത ഉദ്യോഗസ്ഥരായതിനാല്‍ പ്രത്യേക നിയമപരിരക്ഷ നല്‍കില്ല. എത്ര ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന്റെ വിശദാംശം ആരായാന്‍ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. ഡ്രൈവറുടെ ഭാര്യ രേഷ്മയുടെ പരാതിയും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.അതേസമയം, കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുകയാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയില്‍ അന്വേഷണം നടത്തും. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന എഡിജിപിയുടെ മകളുടെ പരാതിയും അന്വേഷിക്കും.
എഡിജിപിയുടെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന് പറഞ്ഞിരുന്നു.
എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു ഗവാസ്കറുടെ പരാതി. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഗവാസ്കര്‍ പറഞ്ഞു. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമര്‍ദം ചെലുത്തിയെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. അതേസമയം, എഡിജിപിക്കൊപ്പമുള്ള പൊലീസുകാരനെ പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ തടഞ്ഞു. എഡിജിപിയുടെ വീട്ടിലേക്ക് സാധനങ്ങളുമായി പോകുംവഴിയാണ് തടഞ്ഞത്. അടിമപ്പണി ചെയ്യരുതെന്ന് താക്കീത് ചെയ്തു. ഇതിനിടെ വീട്ടിലും ഓഫിസിലുമുള്ള പൊലീസുകാരെ സുധേഷ് കുമാറും കുടുംബവും മൊശമായി പെരുമാറുന്നത് പതിവാണെന്ന് ആക്ഷേപം ശക്തമായി. വീട്ടുജോലിക്ക് തയാറാകാതിരുന്ന ഇരുപതോളം ജോലിക്കാര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച് നടപടിയെടുത്തെന്ന് ആരോപണമുണ്ട്. ഭാര്യയേയും മകളെയും ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ഓഫീസിലെ ഗാര്‍ഡുമാരെ സ്ഥലം മാറ്റിയെന്നും പരാതിപ്പെടുന്നു.
എ.ഡി.ജി.പിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പോലിസ് നടപടി അതീവഗുരുതരം; എത്ര ഉന്നതനായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി