
പ്രചാരണത്തിനിടെ വട്ടിയൂര്‍കാവില്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ് കാവല്ലൂര്‍ മധു (58) കുഴഞ്ഞു വീണു മരിച്ചു. മുന്‍ എ.ഐ.സി.സി അംഗമാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 10 മണിക്ക് ശാന്തി കവാടത്തില്‍.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആയിരുന്നു കാവല്ലൂര്‍ മധു. ഡി.സി.സി വൈസ് പ്രസിഡന്റിന്‍റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നു വട്ടിയൂര്‍കാവില്‍ .യുഡി.എഫ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചു. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി മധു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാവല്ലൂര്‍ മധുവിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കെ.എസ്.യു കാലം മുതല്‍ തന്‍റെ അടുത്ത സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു മധുവെന്ന് അദ്ദേഹം അനുസ്മരിച്ചു. വ്യക്തിപരമായും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പൊതുവെയും മധുവിന്‍റെ നിര്യാണം കനത്ത നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
